ഗംഗാവതി: ഹംപി കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ. ഹംപിക്ക് സമീപം വിദേശ വിനോദസഞ്ചാരികളെ ആക്രമിച്ച് ബലാത്സംഗം ചെയ്യുകയും ഒരാളുടെ കൊലപാതകത്തിന് ഇടയാക്കുകയും ചെയ്ത കേസിലാണ് ഗംഗാവതി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്.
മല്ലേഷ്, സായ്, ശരണപ്പ എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ. കേസ് 'അപൂർവങ്ങളിൽ അപൂർവം' എന്ന ഗണത്തിൽപ്പെടുന്നതാണെന്ന് നിരീക്ഷിച്ചാണ് കോടതി പരമാവധി ശിക്ഷ നൽകിയത്.
2025 മാർച്ച് ആറിനാണ് ഹംപിക്ക് സമീപമുള്ള സനപുരയിലെ തുംഗഭദ്ര കനാലിനടുത്ത് ഈ ക്രൂരകൃത്യം നടന്നത്. കനാലിന് സമീപം വിശ്രമിക്കുകയായിരുന്ന 27 വയസ്സുള്ള ഇസ്രേലി യുവതിയെയും 29 വയസ്സുള്ള ഹോംസ്റ്റേ ഉടമയെയും മൂന്ന് പുരുഷ സുഹൃത്തുക്കളെയും പ്രതികൾ പണം ആവശ്യപ്പെട്ട് സമീപിക്കുകയായിരുന്നു.
പണം നൽകാൻ വിസമ്മതിച്ചതോടെ പ്രതികൾ പുരുഷന്മാരെ ആക്രമിക്കുകയും അവരെ ബലമായി തുംഗഭദ്ര കനാലിലേക്ക് തള്ളിയിടുകയും ചെയ്തു. ഇതിൽ ഒഡീഷയിൽ നിന്നുള്ള വിനോദസഞ്ചാരി ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പുരുഷന്മാർ നീന്തി രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾ രണ്ട് സ്ത്രീകളെയും അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
സംഭവം നടന്ന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് വിധി പുറത്തുവരുന്നത്. ഈ മാസം ഒൻപതിന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെട്ട കേസ് എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിലും ഈ സംഭവം വലിയ ശ്രദ്ധ നേടിയിരുന്നു. പ്രതികൾക്ക് നൽകിയ ഈ കടുത്ത ശിക്ഷ സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്നതാണെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു.